
ദോഹ: ഖത്തറിലെ ബു ഹെസ്സയ്യ (Bu Hesayya) മരുഭൂമി പ്രദേശത്ത് നിയമവിരുദ്ധമായി തള്ളിയ നിർമ്മാണ അവശിഷ്ടങ്ങൾ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നീക്കം ചെയ്തു.
ഇവിടെഅവശിഷ്ടങ്ങൾ തള്ളിയതായി പരാതി ലഭിച്ചതിനെ തുടർന്ന്, വന്യജീവി സംരക്ഷണ വകുപ്പിലെ സവിശേഷ സംഘം സ്ഥലത്തെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
നിർമ്മാണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം തള്ളണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും അനാവശ്യമായി മാലിന്യങ്ങൾ തള്ളുന്നത് പ്രകൃതിദത്ത പരിസ്ഥിതിക്കും സസ്യജാലങ്ങൾക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മരുഭൂമി പ്രദേശങ്ങൾ ശുചിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും പരിസ്ഥിതി നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള പരിസ്ഥിതി ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എൻവയോൺമെന്റൽ ഓപ്പറേഷൻസ് റൂമിന്റെ 16066 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.










